മനാമ: പ്രധാന ഹൈവേകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, സെപ്റ്റംബര്‍ 1 മുതല്‍, തിരക്കേറിയ സമയങ്ങളില്‍ (രാവിലെ 6:30 മുതല്‍ 8:00 വരെയും ഉച്ചകഴിഞ്ഞ് 2:00 മുതല്‍ 3:00 വരെയും) 3 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ഭാരവാഹനങ്ങള്‍ നിരോധിച്ചിരിക്കുന്ന റോഡുകളുടെ പട്ടികയില്‍ കിംഗ് ഹമദ് ഹൈവേയും ഉള്‍പ്പെടുത്തുമെന്ന് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു. അടിയന്തര വാഹനങ്ങളും മുന്‍കൂട്ടി അനുവാദം വാങ്ങിയിട്ടുള്ള അംഗീകൃത പൊതു സേവന വാഹനങ്ങളും ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
എല്ലാ സ്ഥാപനങ്ങളോടും ഡ്രൈവര്‍മാരോടും തിരക്കേറിയ സമയ നിയന്ത്രണങ്ങള്‍ പാലിക്കാനും ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കാനും ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ആഹ്വാനം ചെയ്തു. സുരക്ഷ ഉറപ്പാക്കുന്നതിലും സുഗമമായ ഗതാഗതം നിലനിര്‍ത്തുന്നതിലും റോഡ് ഉപയോക്താക്കള്‍ക്കിടയിലുള്ള സഹകരണം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. പൂര്‍ണമായ അനുസരണം ഉറപ്പാക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതിനൊപ്പം ഫീല്‍ഡ് പരിശോധനാ ക്യാമ്പയ്നുകള്‍ ശക്തമാക്കുമെന്നും ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു.