മസ്‌കറ്റ്: ഒമാനിലെ എണ്ണ-പ്രകൃതിവാത വാതക മേഖലകളിലെ വിദഗ്ധ തൊഴിലാളികള്‍ക്ക് ലൈസന്‍സ് സംവിധാനം നിര്‍ബന്ധമാക്കി. പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും ലൈന്‍സന് ആവശ്യമാണ്. അടുത്തുമാസം 1 മുതല്‍ തീരുമാനം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ എണ്ണ, പ്രകൃതിവാതക മേഖലകളില്‍ ജോലി ചെയ്യുന്ന നാല്‍പത്തിമൂന്ന് വിഭാഗങ്ങളില്‍പ്പെട്ട വിദഗ്ധ തൊഴിലാളികള്‍ പ്രത്യേക ലൈസന്‍സ് എടുത്തിരിക്കണമെന്നാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. എനര്‍ജി അസോസിയേഷന്‍ വഴിയാണ് പ്രൊഫഷണല്‍ പ്രാക്ടീസ് ലൈസന്‍സ് എടുക്കേണ്ടത്. പൈപ്പ് ഫിറ്റിംഗ് ടെക്‌നീഷ്യന്‍ മുതല്‍ മെഷ്യന്‍ ഓപ്പറേറ്റര്‍ വരെ ലൈസന്‍സ് എടുത്തിരിക്കണമെന്നാണ് വ്യവസ്ഥ. എക്‌സകവേറ്റര്‍ ഓപ്പറേറ്റര്‍, ലിഫ്റ്റിംഗ് സൂപ്പര്‍ വൈസര്‍, മണ്ണ് പരിശോധനാ ഉദ്യോഗസ്ഥന്‍, ഡ്രില്ലര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡിംഗ് അസിസ്റ്റന്റ് തുടങ്ങിയവര്‍ക്കെല്ലാം നിയമം ബാധകമാണ്.പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കാനും നിലവിലുള്ളവ പുതുക്കാനും ഈ ലൈസന്‍സ് നിര്‍ബന്ധമാണെന്നും മന്ത്രാലയം വിശദീകരിച്ചു. പ്രൊഫഷണല്‍ പ്രാക്ടീസ് ലൈസന്‍സ് സമര്‍പ്പിക്കാത്ത തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കില്ല. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമാണ് പ്രൊഫഷണല്‍ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നത്.. രാജ്യത്തെ എണ്ണ-പ്രകൃതിവാതക മേഖലയില്‍ സ്വദേശിവത്കരണം കഴിഞ്ഞയിടെ ശക്തമാക്കിയിരുന്നു. ഈ മേഖലയില്‍ ജോലി ചെയ്യുന്ന ആകെ തൊഴിലാളികളില്‍ 89 ശതമാനവും സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്.